
കൽപ്പറ്റ: ലക്കിടിയിൽ എംഡിഎംഎയുമായി പിടിയിലായ പ്രതികളിൽ നിന്ന് ലഹരിമരുന്ന് വാങ്ങിയിരുന്ന കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മൊറയൂർ സ്വദേശി കെ. മുഹമ്മദ് ഫാബിൻ (41) ആണ് വൈത്തിരി പൊലീസിന്റെ പിടിയിലായത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കാഷ്വാലിറ്റി സർജനായും എമർജൻസി ട്രോമകെയർ വിഭാഗം മേധാവിയായും ജോലി ചെയ്യുന്നയാളാണ് മുഹമ്മദ് ഫാബിൻ. ഒക്ടോബർ 22ന് ലക്കിടിയിൽ 8.520 ഗ്രാം എംഡിഎംഎയുമായി പിടിയിലായ തമിഴ്നാട് സ്വദേശികളിൽ നിന്നാണ് ഡോക്ടറിലേക്കുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
ഡോക്ടർക്ക് കൈമാറാനായാണ് ലഹരിമരുന്ന് എത്തിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മുഹമ്മദ് ഫാബിൻ സ്ഥിരമായി എംഡിഎംഎ ഉപയോഗിച്ചിരുന്നയാളാണെന്നും പൊലീസ് അറിയിച്ചു. കേസിലെ പ്രതികളും ഡോക്ടറും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും ബാങ്ക് ഇടപാടുകളുടെ രേഖകളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.










